പേരൂര്‍ക്കട: കഴിഞ്ഞവര്‍ഷം നടന്ന കവടിയാര്‍ കൊട്ടാരത്തിലെ കോടികള്‍ വിലവരുന്ന സ്വര്‍ണാഭരണ മോഷണത്തില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്.
അന്വേഷണത്തിന് സഹായകമായ യാതൊരു വിവരവും ഇതുവരെയും ലഭിക്കാത്തതും അന്വേഷണം പാതിവഴിയില്‍ താത്കാലികമായി നിലച്ചതുമാണ് പോലീസിനെ വലയ് ക്കുന്നത്. 2025 നവംബര്‍ മാസത്തിലുണ്ടായ മോഷണത്തെക്കുറിച്ച് രാജകുടുംബം പരാതി നല്കി അന്വേഷണം തുടങ്ങുന്നതുതന്നെ 2026-ലാണ്. അതുകൊണ്ടുതന്നെ തുടക്കത്തില്‍ ലഭിക്കാവുന്നതിന്റെ 50 ശതമാനം തെളിവുകള്‍പോലും ഇതുമായി ബന്ധപ്പെട്ട് ഇനി ലഭിക്കുമോയെന്ന സംശയത്തിലാണ് പോലീസ്.
ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വര്‍ണമുത്തും ഇടകലര്‍ന്ന സ്വര്‍ണച്ചെയിനില്‍ തുടങ്ങി ആ റുപവന് തൂക്കമുള്ള റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള രണ്ട് ഒഴുക്കന്‍ വളയും പദ്മനാഭ സ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വര്ണപ്പതക്കവുംവരെ നഷ്ടപ്പെട്ടവയില്‍പ്പെടുന്നു. വിശാലമായ ഗേറ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരുമുള്ള കൊട്ടാരത്തിനുള്ളില്‍ കടന്നു കയറി മോഷണം നടത്തുക അസാദ്ധ്യമാണ്. അങ്ങനെയുണ്ടായാല്ത്ത ന്നെ സുരക്ഷിതമായ മുറികളില്‍ കയറിപ്പറ്റുകയും പ്രയാസമാണ്.
അതുകൊണ്ടുതന്നെ കൊട്ടാരവുമായി അടുത്ത ബന്ധമുള്ളവരെ ചുറ്റിപ്പറ്റി അന്വേഷണമുണ്ടായപ്പോള്‍ രാജകുടുംബം അതുമായി നിസ്സഹകരിച്ചതായി പോലീസ് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതും മന്ത്രിസഭയുടെ സത്യപ്രതിജ്ഞയുണ്ടായതും മൂലമുണ്ടായ തിരക്കും അന്വേഷണത്തെ മന്ദഗതിയിലാക്കി.
കഴിഞ്ഞ രണ്ടുമാസമായി കാര്യമായ അന്വേഷണം ഉണ്ടായില്ലെന്നാണ് സൂചന. ഇനിയും കേസ് പൊടിതട്ടിയെടുത്തുവേണം അന്വേഷിക്കാന്‍. കോടികളുടെ ആഭരണമോഷണത്തിന് എന്തെങ്കിലും തുമ്പ് ലഭിക്കുമോയെന്ന കാര്യത്തില്‍ പോലീസ് ഉന്നതാധികാരികള്ക്കുതന്നെ മറുപടിയില്ല.